അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി
- IndiaGlitz, [Friday,July 07 2023]
അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ രാഹുലിൻ്റെ അയോഗ്യത തുടരും. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ സമാനമായ പരാതികൾ വേറെയുമുണ്ട്. പത്തോളം കേസുകളും നിലവിലുണ്ട്. ഈ കേസിൽ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് ഹേമന്ത് പ്രഛകാണ് വിധി പറഞ്ഞത്. സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചതോടെ രാഹുലിൻ്റെ അയോഗ്യത തുടരും.
എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശത്തിന് എതിരെ നല്കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദഹം പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനായി. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ചാണ് മോദി പരാമർശം നടത്തിയത്. നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീൽ ജില്ലാ കോടതി തള്ളിയിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലെ മുഖ്യ ആവശ്യം. വിധി സ്റ്റേ ചെയ്യുക ആണെങ്കില്‍ രാഹുലിന് ലോക്സഭാ അംഗത്വം തിരികെ ലഭിക്കും.