അച്ഛന്‍റെ വഴിയേ ക്രിക്കറ്റില്‍ വളര്‍ന്നു വരികയാണ് രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ്. നിലവില്‍ 17 വയസുകാരനായ സമിത് വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിലേക്ക് ആദ്യമായി എത്തിയിരിക്കുകയാണ്. കര്‍ണാടകയ്‌ക്കായി അണ്ടര്‍ 14 ക്രിക്കറ്റ് കളിച്ചിട്ടുണ്ട് സമിത്. ദ്രാവിഡിൻ്റെ ഇളയ മകന്‍ അന്‍വെ ദ്രാവിഡ് 14 വയസിന് താഴെയുള്ള കര്‍ണാടക ടീമിൻ്റെ ക്യാപ്റ്റനാണ്. മക്കള്‍ ഇരുവരും പിതാവിൻ്റെ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയുടെ തിരക്കിലാണ് രാഹുല്‍ ദ്രാവിഡ്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി പേരെടുത്ത രാഹുല്‍ ദ്രാവിഡിന് 340 ഏകദിനങ്ങളില്‍ 10768 ഉം 163 ടെസ്റ്റില്‍ 13625 ഉം റണ്‍സ് സമ്പാദ്യമായുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റില്‍ 509 മത്സരങ്ങളില്‍ 24208 റണ്‍സ് വന്‍മതില്‍ നേടി. 48 രാജ്യാന്തര സെഞ്ചുറികളും ദ്രാവിഡിന്‍റെ പേരിനൊപ്പമുണ്ട്. നിലവില്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ഏകദിന ലോക കപ്പിന്‍റെ തിരക്കുകള്‍ കാരണം കര്‍ണാടകയ്‌ക്കായി മകന്‍റെ അണ്ടര്‍ 19 അരങ്ങേറ്റം കാണാനാവില്ല.