റേഡിയോ ജോക്കി രാജേഷ് വധം: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

  • IndiaGlitz, [Friday,August 18 2023]

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.

രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്‌ സത്താറാണ്‌. ഇയാളുടെ ഭാര്യയുമായി രാജേഷിന് ഉണ്ടായിരുന്ന അടുപ്പം കുടുംബ ബന്ധവും ബിസിനസും തകർത്തതാണ്‌ കൊലപ്പെടുത്താനുള്ള കാരണമെന്ന്‌ അന്വേഷക സംഘം കണ്ടെത്തിയിരുന്നു. 2018 മാർച്ച് 27-നാണ്‌ രാജേഷിനെ കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്‌. നൊസ്റ്റാൾജിയ എന്ന നാടൻ പട്ടു സംഘത്തിലെ ഗായകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട രാജേഷ്. 10 വർഷത്തോളം സ്വകാര്യ റേഡിയോ ചാനലിൽ റേഡിയോ ജോക്കി ആയിരുന്നു. 2016 ജൂൺ മുതൽ ഖത്തറിൽ ജോലിക്ക് പോയി 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് സ്വന്തമായി റിക്കാർഡിങ് സ്റ്റുഡിയോ തുടങ്ങിയത്. ഖത്തറിലായിരുന്ന സമയത്താണ് ഒന്നാം പ്രതി അബ്ദുൾ സത്താറിൻ്റെ ഭാര്യയുമായി രാജേഷിന് അടുപ്പമുണ്ടായിരുന്നത്. ഇതാണ് കൊലയിലേക്ക് നയിച്ചത്.