ഐപിഎല്ലില്‍ മലിംഗയുടെ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്ത് റബാഡ

ഗുജറാത്ത് ടൈറ്റൻസിനെതിരായ പഞ്ചാബ് കിംഗ്സിന്റെ മത്സരത്തിനിടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗീസോ റബാഡ. ഐപിഎല്ലിൽ ഏറ്റവും വേഗതയിൽ 100 വിക്കറ്റുകൾ പൂർത്തീകരിക്കുന്ന ബോളർ എന്ന റെക്കോർഡാണ് റബാഡ സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 1438 ബോളുകൾ എറിഞ്ഞിട്ടുള്ളതിൽ നിന്നാണ് 100 വിക്കറ്റുകൾ റബാഡ സ്വന്തമാക്കിയിട്ടുള്ളത്. കിംഗ്സ് നിരയിലേക്ക് മടങ്ങിയ ഉടന്‍തന്നെ താരം തന്റെ സാന്നിധ്യം അറിയിച്ചു. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റർ വൃദ്ധിമാന്‍ സാഹയെ പവലിയനിലേക്ക് തിരിച്ചയച്ചതോടെ 100 വിക്കറ്റെന്ന റെക്കോര്‍ഡില്‍ റബാഡ ചരിത്രമെഴുതി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബൗളറായി റബാഡ മാറിയിരിക്കുകയാണ്. 64 ഇന്നിംഗ്സുകളില്‍ നിന്നാണ് റബാഡ ഈ നേട്ടം സ്വന്തമാക്കിയത്. 70 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഇതിഹാസ താരം ലസിത് മലിംഗയുടെ റെക്കോർഡ് കഗീസോ റബാഡ മറികടന്നിരിക്കുകയാണ്.