"ബോഡി ഷെയ്മിങ്ങെന്നു പറഞ്ഞു വളച്ചൊടിക്കേണ്ട"- ജൂഡ് ആൻ്റണി

ജൂഡിൻ്റെ പുതിയ ചിത്രം '2018' ൻ്റെ ട്രെയിലർ ലോഞ്ചിൽ വെച്ച് മമ്മൂട്ടി നടത്തിയ പരാമർശം ബോഡി ഷെയ്മിങ്ങാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. ''ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണെന്ന്'' ആയിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാൽ തലമുടിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ബോഡി ഷെയ്മിങ് അല്ലെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ ജൂഡ് ആൻ്റണി തന്നെ സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വന്നു.

മുടി ഇല്ലാത്തതിൽ എനിക്കോ എൻ്റെ കുടുംബത്തിനോ വിഷമമില്ല എന്നും മമ്മൂക്ക എൻ്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവർ എൻ്റെ മുടി പോയതിൻ്റെ കാരണക്കാരായ ബെംഗളൂരു കോര്‍പറേഷൻ, വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ എന്നിവര്‍ക്കെതിരെ ശബ്ദമുയർത്തുവിൻ എന്നായിരുന്നു. ഞാൻ ഏറെ ബഹുമാനിക്കുന്ന അദ്ദേഹം ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്നും ജൂഡ് കൂട്ടിച്ചേർത്തു.

ജൂഡിൻ്റെ പുതിയ ചിത്രം 2018 ൽ പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ് ആൻ്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങിയവരും അഭിനയിക്കുന്നു.