പി.ടി. ഉഷ- ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി.ഉഷ. മുന്‍ സുപ്രീം കോടതി ജഡ്ജി എൽ നാഗേശ്വര റാവുവിൻ്റെ മേൽനോട്ടത്തിലാണ് എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നത്. താരമായും പരിശീലകയായും 46 വർഷം കായിക മേഖലയ്ക്കായി ഉഴിഞ്ഞുവച്ചതാണ് പി.ടി.ഉഷയുടെ സമർപ്പിത ജീവിതം. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായിട്ടുള്ളത്.

അർജുന അവാർഡും പത്മശ്രീ പുരസ്കാരവും പതിറ്റാണ്ടുകൾക്കു മുൻപേ ഉഷയെ തേടിയെത്തി. അത്‍ലറ്റിക്സിൽ നൂറിലേറെ രാജ്യാന്തര മെഡലുകൾ നേടുകയും 2 ഒളിംപ്യന്മാരടക്കം 8 രാജ്യാന്തര കായികതാരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത ഉഷയെ ജൂലൈയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ഐഒഎയുടെ 95 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പ്യനും അന്താരാഷ്ട്ര മെഡല്‍ നേട്ടമുള്ള ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.