പിടി 7 കാട്ടാനയ്ക്ക് കാഴ്ച ശക്തിയില്ലെന്ന് നിരീക്ഷണ സമിതി

  • IndiaGlitz, [Saturday,July 15 2023]

പാലക്കാട് ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് സ്ഥിരീകരിച്ചു. കാട്ടാനയ്ക്ക് വലതു കണ്ണിന് കാഴ്ചയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയാണ് സ്ഥിരീകരിച്ചത്. മറ്റ് പ്രശ്നങ്ങളൊന്നും ആനയ്ക്ക് ഇല്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്ടമാകാന്‍ കാരണമായതെന്നാണ് സംശയം. കാഴ്ചശക്തി വീണ്ടെടുക്കാന്‍ വിദഗ്ദ ചികിത്സ ഉൾപ്പെടയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച സംഘം ശുപാർശ ചെയ്യുമെന്നാണ് വിലയിരുത്തൽ.

പിടികൂടുമ്പോൾ തന്നെ കൊമ്പന്‍റെ വലതുകണ്ണിന് കാഴ്ചയില്ലായിരുന്നു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസുമാത്രമുളള ആനയുടെ കാഴ്ച നഷ്ടമായത് ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്. 4 വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്‍റെ ഉറക്കം കെടുത്തിയ കാട്ടുക്കൊമ്പനെ കഴിഞ്ഞ ജനുവരി 2നാണ് പിടികൂടുന്നത്. കൂട്ടിലടച്ചതിൻ്റെ പിറ്റേന്നു മുതൽ തുള്ളിമരുന്നു നൽകി വരുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടി 7 പൂർണ തോതിൽ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അവർ അറിയിച്ചു.