ടി ജെ ജോസഫ് മാഷിൻ്റെ കൈ വെട്ടിയ കേസ്: 6 പ്രതികൾ കുറ്റക്കാർ

  • IndiaGlitz, [Wednesday,July 05 2023]

തൊടുപുഴയിൽ കോളേജധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ ആറു പ്രതികൾ കുറ്റക്കാർ. സംഭവത്തിൻ്റെ മുഖ്യ സൂത്രധാരനും ആലുവ സ്വദേശിയുമായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍ അടക്കം പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരിൽ ആറു പേര്‍ കുറ്റക്കാരെന്ന് കോടതി. നാലു പ്രതികളെ വെറുതെ വിട്ടു. മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ നാസർ കൃത്യത്തിൻ്റെ മുഖ്യ സൂത്രധാരനെന്നും, രണ്ടാം പ്രതി സാജൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നും കണ്ടെത്തി. കേസിൽ ശിക്ഷ വിധി നാളെ അറിയിക്കും.

ഒന്നാം പ്രതിയായ അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്കെതിരെ നിലനിൽക്കുന്നത് പ്രതികളെ സഹായിച്ചെന്ന കുറ്റം മാത്രമാണ്. അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, ഷഫീക്ക് എന്നീ നാലു പ്രതികളെയാണ് വെറുതെ വിട്ടത്. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ശിക്ഷ പരമാവധി കുറക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. മുപ്പത്തിയേഴ് പ്രതികളെ ആദ്യഘട്ടത്തിൽ കോടതി വിസ്തരിച്ചിരുന്നു. ഇതിൽ 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തി ആക്കിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യ പേപ്പറിൽ പ്രവാചക നിന്ദ ഉണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിയത്.