സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് ചുമതലയേറ്റു

  • IndiaGlitz, [Wednesday,July 12 2023]

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് ചുമതലയേറ്റു. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ.പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു.

പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്. അതേസമയം, കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം.