രണ്ടു മാസം കൊണ്ട് 10 കിലോകുറച്ചു പ്രിഥ്വി
- IndiaGlitz, [Thursday,July 06 2017]
പ്രദീപ് എം. നായർ സംവിധാനം ചെയ്യുന്ന 'വിമാനം' എന്ന സിനിമയ്ക്കു വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചു. ചിത്രത്തിൽ ഇരുപത്തിരണ്ടുകാരന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ഈ വേഷത്തിനായി ശരീരഭാരത്തിൽ 10 കിലോയാണ് രണ്ടു മാസം കൊണ്ട് പൃഥ്വി കുറച്ചത്. സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജിയുടെ ജീവിതം പ്രമേയമാക്കിയാണ് പ്രദീപ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ സജിയുടെ രണ്ട് കാലഘട്ടത്തെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. 30 വയസ് മുതലുള്ള കാലത്തെ പൃഥ്വിരാജിന്റെ ജീവിതം മാർച്ചിൽ മംഗളൂരുവിൽ ചിത്രീകരിച്ചിരുന്നു. വിമാനം പറത്തുന്നത് അടക്കമുള്ള രംഗങ്ങൾ അന്ന് ചിത്രീകരിച്ചിരുന്നു.
വിമാനം പറപ്പിക്കുന്ന മറ്റു ചില സീനുകൾ ചിത്രീകരിക്കുന്നതിനായി സംഘം ഉടൻ തന്നെ തൂത്തുക്കുടിയിലേക്ക് പോവും. അതിനുശേഷം കൊച്ചിയിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി.
കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ ദുർഗകൃഷ്ണയാണ് നായികയാവുന്നത്. ദുർഗയുടെ അരങ്ങേറ്റ ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് വിമാനം നിർമ്മിക്കുന്നത്. ഗോപീസുന്ദറാണ് വിമാനത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഷഹാനാസ് ജലാലാണ് ഛായാഗ്രഹകൻ. സജിയും ചിത്രത്തിൽ അതിഥിതാരമായി എത്തും.