'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്'; മോദിയുടെ കുറിപ്പിലും പേര് മാറ്റ സൂചന

  • IndiaGlitz, [Wednesday,September 06 2023]

രാഷ്ട്രപതിയുടെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു വിശേഷിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയത് വലിയ തോതിൽ ചർച്ചയായി. രാജ്യത്തിൻ്റെ പേര് ഇന്ത്യയെന്നത്‌ ബോധപൂർവ്വം ഒഴിവാക്കാനാണ്‌ കേന്ദ്ര സർക്കാർ നീക്കമെന്ന് ഇതോടെ വാർത്തകൾ വന്നു. ബുധൻ, വ്യാഴം തീയതികളിൽ ജക്കാർത്തയിലേക്ക് പ്രധാനമന്ത്രി മോദി നടത്തുന്ന ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് സൂചന.

20ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുമായി ബന്ധപ്പെട്ട സന്ദർശനത്തിനായി ഇന്തോനേഷ്യയിലേക്ക് പോകുന്നതിൻ്റെ ഔദ്യോഗിക കുറിപ്പിൽ നരേന്ദ്രമോദി ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളില്‍ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്നാണ് രേഖപ്പെടുത്താറ്. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സില്‍ (ട്വിറ്റര്‍) കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചര്‍ച്ചയായത്. അതേ സമയം ഈ മാസം നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിൻ്റെ പേര് മാറ്റുന്ന തീരുമാനം വന്നേക്കും. ഇതുമായി ബന്ധപ്പെട്ട ബില്ല് പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കും.