ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പ്രധാന മന്ത്രി നടപടിയെടുക്കണം: ജോൺ ബ്രിട്ടാസ്
- IndiaGlitz, [Wednesday,May 31 2023]
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ പ്രധാനമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബാങ്കിംഗ് തട്ടിപ്പുകളുടെ ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്തു കൊണ്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പര്‍ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
AePS സംവിധാനം മുഖേന ദിനംപ്രതി ആയിരം കോടിയോളം രൂപയുടെ പിന്‍വലിക്കല്‍ രാജ്യത്ത് നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ തട്ടിപ്പിന് അറുതി വരുത്താന്‍ കഴിയൂ. അതിനാല്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഈ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധന മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും കൂടി സംയോജിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.