പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

  • IndiaGlitz, [Tuesday,April 25 2023]

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തി. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, സതേൺ എയർ കമാൻഡ് എ.വി.എസ്.എം. എയർ മാർഷൽ എസ്.കെ. ഇൻഡോറ തുടങ്ങിയവർ ചേർന്ന് ഔദ്യോഗിക സ്വീകരണം നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വന്ദേഭാരത് ട്രെയിനിലെ സി വൺ കോച്ചില്‍ കയറിയ പ്രധാനമന്ത്രി സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. വന്ദേഭാരത് ഫ്ലാഗ് ഓഫിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം അൽപനേരം ചെലവഴിക്കും. തുടര്‍ന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതു സമ്മേളനത്തിലും പങ്കെടുക്കും. വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതികള്‍, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും. സുരക്ഷാ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഗതാഗത നിയന്ത്രണവും വാഹന പാർക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.