പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ, കനത്ത ഗതാഗത നിയന്ത്രണം

  • IndiaGlitz, [Monday,April 24 2023]

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. റോഡ് ഷോ, യുവം കോണ്‍ക്ലേവ്, ക്രൈസ്തവ മതമേലധ്യക്ഷ്യന്മാരുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പ്രധാന മന്ത്രിയുടെ മുഖ്യ പരിപാടികള്‍. താജ് മലബാറിൽ തന്നെയാണു അദ്ദേഹത്തിൻ്റെ താമസവും. വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് തേവര എസ്എച്ച് കോളേജിൽ നടക്കുന്ന ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ 9.25ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട് 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. അവിടെവച്ച് കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊച്ചി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്.