രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും: കൊച്ചിയിൽ ഇന്ന് ഗതാഗതനിയന്ത്രണം
Send us your feedback to audioarticles@vaarta.com
രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചി ഷിപ്പിംഗ് യാർഡിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കും. നാവിക സേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘നിഷാൻ’ ദ്രൗപദി മുർമു സമ്മാനിക്കും. 17ന് രാവിലെ 9.30ന് ഹെലികോപ്ടറിൽ കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പൗര സ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാർച്ച് 18ന് രാവിലെ കന്യാകുമാരി സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21 ന് രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും. കുടുംബാംഗങ്ങളടക്കം 8 പേർ രാഷ്ട്രപതിയുടെ സംഘത്തിലുണ്ടാവും. രാഷ്ട്രപതിയുടെ സന്ദർശനത്തിനെ തുടർന്ന് ഇന്ന് കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
Follow us on Google News and stay updated with the latest!
Comments