വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന

  • IndiaGlitz, [Saturday,June 10 2023]

എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാജ രേഖകള്‍ അന്വേഷിച്ചാണ് അഗളി പൊലീസ് സംഘം വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തൃക്കരിപൂരിലെ വീട് തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. വിദ്യ അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജ രേഖകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്. ഇന്ന് രാവിലെ നീലേശ്വരം പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് അന്വേഷണ സംഘം എത്തിയത്.

അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടില്‍ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെയാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വിദ്യ ഹോസ്റ്റലിൽ തന്നെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് കെ.എസ്.യു.വിൻ്റെ ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി ബന്ധപ്പെട്ട സംഭവം പുറത്തുവരുന്നത്. എന്നാൽ തുടക്കം മുതൽക്ക് തന്നെ സാങ്കേതിക പ്രശ്നം പറഞ്ഞ് പോലീസ് കേസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കേസ് അഗളി പോലീസിൽ കൈമാറുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. കഴിഞ്ഞ ദിവസമാണ് അഗളി പോലീസിന് എറണാകുളം പോലീസ് കേസ് കൈമാറിയത്. ഇതിനിടെ വിദ്യയെ കണ്ടെത്തി ചോദ്യം ചെയ്യാനോ വിളിച്ചു വരുത്താനോ ഉള്ള നടപടിയോ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വിദ്യ ഒളിവാലാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ വിദ്യ കാലടി സർവകലാശാല ഹോസ്റ്റലിൽ തന്നെയുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.