നൂറ് കോടിയിലേറെ പണം തട്ടിയ പ്രവീണ്‍ റാണയെ പോലീസ് തിരയുന്നു

  • IndiaGlitz, [Saturday,January 07 2023]

നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി, പ്രവീണ്‍ റാണക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. അതിശയിക്കുന്ന വേഗത്തില്‍ വളര്‍ന്ന തട്ടിപ്പുകാരനായ പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. സേഫ് ആന്‍റ് 'സ്ട്രോങ്ങ് നിധി' എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ചേര്‍ന്നാല്‍ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്. ഉന്നതരുമൊത്തുളള ചിത്രങ്ങൾ നാടെങ്ങും പ്രചരിപ്പിച്ച് നിക്ഷേപകരുടെ വിശ്വാസം ആർജിക്കാനായിരുന്നു ശ്രമം.

പൊതുസമൂഹത്തിൽ സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്‍റെ മറവിലാണ് തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് പ്രവീൺ റാണ നൂറുകണക്കിന് ഇടപാടുകാരെ ആകർഷിച്ചത്. എന്നാൽ പലിശയും മുതലും നല്‍കുന്നത് മുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായി എത്തിത്തുടങ്ങി. അവധികള്‍ പറഞ്ഞും കോടതികളില്‍ നിന്ന് ജാമ്യം നേടിയും റാണ താൽക്കാലിക പരിഹാരം കണ്ടു. കാലാവധി കഴിഞ്ഞ പണം ഇനി വൈകിക്കരുതെന്ന് നിക്ഷേപകർ അന്ത്യ ശാസനം നല്‍കി.

കഴിഞ്ഞ 27 ന് വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ ഈ മാസം 10ന് പണം നല്‍കാമെന്ന് വാദ്ഗാനം നല്‍കി. രണ്ടു ദിവസത്തിന് ശേഷം കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് റാണ രാജിവച്ചെന്ന സന്ദേശം നിക്ഷേപര്‍ക്ക് എത്തിയതോടെയാണ് പൊലീസ് സ്റ്റേഷനുകളില്‍ കൂട്ടപ്പരാതിയെത്തിയത്. വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് അന്വേഷിച്ചെത്തുമ്പോഴേക്കും റാണ മുങ്ങിയിരുന്നു. രാജ്യം വിട്ടു പോകാതിരിക്കാൻ വിമാന താവളങ്ങളിൽ പോലീസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.