മണിപ്പൂരിലെ പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നു: ഇറോം ശര്‍മ്മിള
- IndiaGlitz, [Tuesday,August 15 2023]
മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി അവഗണിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമ്മിള. കലാപ ഭൂമിയായി മാറിയ മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോകണമെന്നും സാധാരണ ജനതയ്ക്ക് സുരക്ഷ ഉറപ്പു നല്‍കി അവരുടെ അരക്ഷിത ബോധം മറികടക്കണമെന്നും ഇറോം ശർമ്മിള ആവശ്യമുയർത്തി. കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്നാണ് മണിപ്പൂരിലെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ഇറോം ശര്‍മ്മിളയുടെ ചോദ്യം. ഏകപക്ഷീയമാണ് മണിപ്പൂരിലെ അക്രമം. മണിപ്പൂരില്‍ വേണ്ടത് സമാധാനവും സാഹോദര്യവുമാണ്.
സംസ്ഥാനത്ത് കലാപം നടന്നിട്ടും മണിപ്പൂരില്‍ നിന്നുള്ള എം പിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയില്ല. മണിപ്പൂരിലെ സമാധാനത്തിനായി കേന്ദ്രം ഇടപെടുന്നില്ല എന്നും ഇറോം ശർമിള കുറ്റപ്പെടുത്തി. മണിപ്പുരിലെ പ്രശ്നം അവിടത്തെ എം.എൽ.എ.മാർ നിയമസഭയിലോ എംപിമാർ ലോക് സഭയിലോ അവതരിപ്പിക്കുന്നില്ല. നീതിബോധവും മതേതരത്വവും ജനാധിപത്യവുമൊക്കെ മുറുകെപ്പിടിക്കുന്ന ’റിയൽ ലീഡർ’ ഇല്ലാത്തതു തന്നെയാണ് മണിപ്പുരിന്റെ പ്രശ്‌നം. തിരഞ്ഞെടുപ്പിൽ ജയിക്കാൻ അവർ പലതും പറയും. അതു കഴിഞ്ഞാൽ ജനകീയ പ്രശ്നങ്ങളിലേക്കൊന്നും അവർ തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ള ഒരു നാട്ടിൽ ഇത്തരം പ്രശ്‌നങ്ങൾ ആളിക്കത്തിയില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളൂ” - ഇറോം ചോദിക്കുന്നു. 'വുമൻ ഇന്ത്യ’ എന്ന പേരിൽ മൂവാറ്റുപുഴയിൽ 101 വനിതകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനപ്പുലരി വരെ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ഇറോം ശർമിള എത്തിയത്.