രാഹുല്‍ അമേഠിയില്‍ നിന്ന് മല്‍സരിക്കണമെന്നത് ജനവികാരം: അജയ് റായ്
- IndiaGlitz, [Saturday,August 19 2023]
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിക്കെതിരെ അമേഠിയില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. എന്നാൽ അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്‍റെ ആഗ്രഹം ആയിരിക്കുമെന്നാണ് എഐസിസി പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്നും എഐസിസി അറിയിച്ചു. യു പി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി ചൂണ്ടികാട്ടി. എന്നാൽ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എഐസിസി വിവരിച്ചിട്ടുണ്ട്.
വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചാല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പ്രിയങ്കയുടെ വിജയത്തിനായി ശ്രമിക്കും എന്നും അജയ് റായ് വ്യക്തമാക്കി. 2014 ലും 2019 ലും നരേന്ദ്ര മോദിക്ക് എതിരെ മല്‍സരിച്ച് പരാജയപ്പെട്ടയാളാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റായ റായ്. പ്രസിഡന്റായിരുന്ന ബ്രിജ്ലാല് ഖബ്രിക്ക് പകരം ഇന്നലെയാണ് അജയ് റായ് ചുമതലയേറ്റത്. 2024 ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലും പ്രിയങ്കയും മത്സരത്തിന് ഇറങ്ങിയാല്‍ ഉത്തര്‍പ്രദേശില്‍ ഇത്തവണ കടുത്ത പോരാട്ടമായിരിക്കും. മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട അമേഠിയില്‍ 2019 ല്‍ കനത്ത തോല്‍വിയാണ് സ്മൃതി ഇറാനിയോട് രാഹുല്‍ ഏറ്റു വാങ്ങിയത്. വയനാട്ടില്‍ നിന്ന് മല്‍സരിച്ച് ലോക്സഭയിൽ എത്തുകയും ചെയ്തു.