പെനാല്‍ട്ടികള്‍ നിഷേധിച്ചു; രോഷാകുലനായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- IndiaGlitz, [Wednesday,August 23 2023] Sports News
സൗദി ക്ലബ് അൽ നസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയെങ്കിലും മത്സരത്തിനിടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ രോഷ പ്രകടനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. ഇടവേളക്ക് പിരിയുന്നതിനിടെയാണ് ക്രിസ്റ്റ്യാനോ റഫറിയോട് തട്ടിക്കയറുന്നത്. പെനാല്‍റ്റി അപ്പീല്‍ നിരസിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. മൈതാനത്തു നിന്ന് താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെ, റഫറിമാരുടെ അടുത്തുപോയി താരം രോഷാകുലനായി സംസാരിക്കുകയായിരുന്നു. പിന്നാലെയെത്തിയ സഹതാരമയ ആൻഡേഴ്സണ്‍ ടാലിസ്കയും റഫറിയോടും അസിസ്റ്റന്‍റിനോടും സംസാരിക്കുന്നതും വിഡിയോയില്‍ കാണാനാകും.
ടീമിലെ മറ്റൊരു താരമായ അബ്ദുല്ല അല്‍ അമ്രിക്കൊപ്പം ടച്ച് ലൈൻ കടക്കുന്നതിനിടെ താരം 'ഉണരൂ' (വേക്ക് അപ്പ്) എന്ന് വിളിച്ചു പറയുന്നതും ഇതിനിടെ താരത്തിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ച ഒരു ഒഫിഷ്യലിനെ രോഷത്തോടെ തട്ടി മാറ്റുന്നതും വിഡിയോയിൽ കാണാം. പ്ലേ ഓഫ് മത്സരത്തിൽ അവസാന മിനിറ്റുകളിലെ നാടകീയ തിരിച്ചു വരവിനൊടുവിൽ യു.എ.ഇ ക്ലബായ ശബാബ് അൽ അഹ്‌ലിയെ തകർത്തെറിയുമ്പോൾ തോൽവി ഉറപ്പിച്ച മത്സരത്തിൽ നിന്ന് അപ്രതീക്ഷിത തിരിച്ചു വരവാണ് നടത്തിയത്. നിശ്ചിത സമയം അവസാനിക്കാൻ കുറച്ച് മിനിറ്റുകൾ മാത്രവും ബാക്കി നിൽക്കെയാണ് അൽ നാസർ മൂന്ന് ഗോളുകൾ അടിച്ചുകൂടി തിരിച്ചു വരവ് നടത്തിയത്. ഏഷ്യയിലെ പ്രീമിയർ ക്ലബ് ഫുട്ബോൾ ടൂർണമെന്റിൽ റൊണാൾഡോയുടെ ആദ്യ മത്സരമായിരുന്നു ഇത്.