കാല്പന്തു കളിയുടെ ചക്രവർത്തി പെലെ ഓർമ്മയായി

പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ അന്തരിച്ചു. 82 വയസായിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലായിരുന്നു ജനനം. അച്ഛന്‍ ജോവോ റാമോസ് ഡൊനാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. പിതാവ് ഡോണ്ടിഞ്ഞോ പ്രഫഷനൽ ഫുട്ബോൾ താരമായിരുന്നു. ഏഴാം വയസ്സു മുതൽ പെലെ കാൽപന്തു തട്ടിതുടങ്ങി. പിതാവ് പരുക്കുമൂലം കളി നിർത്തിയപ്പോൾ ദാരിദ്ര്യം മാറ്റുന്നതിനായി നിരത്തിലും റെയിൽവേ സ്‌റ്റേഷനിലും ഷൂ പോളിഷുകാരനാകേണ്ടി വന്നു. പാദം, അഴുക്ക്, മണ്ണ് എന്നിങ്ങനെ അർഥങ്ങൾ വരുന്ന പെലെ എന്ന പേരുകാരൻ കഠിനപ്രയത്നം കൊണ്ട് ലോകത്തെ കീഴടക്കി. പെലെയെ വിശ്വതാരമാക്കിയതു സാന്റോസ് ഫുട്‌ബോൾ ക്ലബാണ്.1956 സെപ്‌റ്റംബർ ഒൻപതിനാണു പെലെ സാന്റോസിനുവേണ്ടി ബൂട്ടണിഞ്ഞത്. 1958ൽ ആദ്യ ലോകകപ്പ് കളിക്കുമ്പോൾ പെലെയ്ക്കു 17 വയസ്സായിരുന്നു.

ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന്‌ ലോകകപ്പ്‌ നേടിക്കൊടുത്തു.1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. 1962ൽ പെലെയെ ‘ദേശീയ സ്വത്ത്’ ആയി ബ്രസീൽ സർക്കാർ പ്രഖ്യാപിച്ചു. കരിയറിലാകെ 1363 കളികളിൽ പെലെ 1279 ഗോൾ നേടിയെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ കണക്ക്. ആരാധകർ കറുത്ത മുത്തെന്നും രാജാവെന്നും പെലെയെ വാഴ്ത്തി. ഫുട്ബോളിൻ്റെ ചക്രവർത്തിയുടെ വിയോഗം ഫുട്ബോൾ പ്രേമികൾക്ക് തീരാനൊമ്പരമായി.