പഴയിടം ഇരട്ടക്കൊലക്കേസ്: പ്രതിയ്ക്ക് വധ ശിക്ഷ
Send us your feedback to audioarticles@vaarta.com
പഴയിടം ഇരട്ടക്കൊലക്കേസിൽ പ്രതിയ്ക്ക് വധശിക്ഷ. കൂടാതെ 2 ലക്ഷം രൂപ പിഴ, ഭവനഭേദനത്തിന് 5 വർഷം കഠിനതടവ്, കവർച്ചയ്ക്ക് 7 വർഷം തടവിനും വിധിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് കണ്ടെത്തിയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി (2)ജഡ്ജ് ജെ.നാസർ, പ്രതി അരുൺ ശശിയ്ക്ക് വധ ശിക്ഷ വിധിച്ചത്. 10 വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നത്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ പഴയിടം തീമ്പനാൽ വീട്ടിൽ എൻ ഭാസ്‌ക്കരൻ (75), തങ്കമ്മ (69) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും അരുൺ ശശി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2013 സെപ്തംബർ 23 നായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവാണ് അരുൺ ശശി. കാർ വാങ്ങണമെന്നാവശ്യപ്പെട്ട് റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളെ അരുൺ ശശി സമീപിച്ചിരുന്നു. എന്നാൽ അവർ പണം നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. തുടർന്ന് കേസ് അന്വേഷണത്തിന് പോലീസിനെ സഹായിച്ചതും ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിന് മുൻപിൽ നിന്നതും ഇയാളാണ്. കേസ് അന്വേഷണത്തിനിടെ പ്രദേശത്തെ മാല മോഷണവുമായി ബന്ധപ്പെട്ട് അരുൺ അറസ്റ്റിലായിരുന്നു. ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ ഏറ്റെടുത്തു. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോൾ പഴയിടം കൊലപാതകവും ഇയാൾ സമ്മതിച്ചു. 2014-ൽ ജാമ്യം നേടി പുറത്തിറങ്ങി ഒളിവിൽപ്പോയി. 2016-ൽ ഒരു മാളിലെ മോഷണത്തിൽ തമിഴ്നാട് പോലീസ് പിടിച്ചപ്പോഴാണ് നാട്ടിൽ പിടികിട്ടാപ്പുള്ളി ആണെന്നറിഞ്ഞത്. തമിഴ്നാട് പോലീസ് പിന്നീട് ഇയാളെ കേരള പോലീസിന് കൈമാറി. ഏഴുവർഷമായി അരുൺ ജയിലിലാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout