പ്രധാന മന്ത്രിയെ പരിഹസിച്ച് പവൻ ഖേര: പോലീസ് കേസെടുത്തു
- IndiaGlitz, [Tuesday,February 21 2023]
പ്രധാനമന്ത്രിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരക്കെതിരെ കേസെടുത്തു. ബി ജെ പി പ്രവർത്തകൻ്റെ പരാതിയിൽ ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്. അദാനിയുടെ ഓഹരി തട്ടിപ്പ് സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ട് വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹസിച്ചത്. നരസിംഹ റാവുവിന് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, അടൽ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, നരേന്ദ്ര ഗൗതം ദാസിന് ക്ഷമിക്കണം, ദാമോദർ ദാസ് മോദിക്ക് എന്താണ് പ്രശ്നം എന്ന് വാർത്താ സമ്മേളനത്തിൽ ഖേര പറഞ്ഞ പ്രസ്താവനയാണ് വിവാദത്തിനിടയായത്. പ്രധാനമന്ത്രിയെയും കുടുംബത്തെയും കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് ഇതാദ്യമല്ലന്നും വളരെ താഴ്ന്ന നിലയിൽ നിന്ന് ജനപ്രിയ നേതാവായി വളർന്ന പ്രധാനമന്ത്രിയെ അംഗീകരിക്കാൻ അവർക്കാവുന്നില്ലെന്നും ബി.ജെ.പി. നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.