ഏഷ്യാ കപ്പ് 2023 ചാമ്പ്യൻഷിപ്പിന് പാകിസ്ഥാൻ വേദിയാകും

ഏറെ നാളായി തുടരുന്ന തർക്കം അവസാനിപ്പിച്ചു കൊണ്ട് സെപ്റ്റംബറിലെ ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെ നടത്താൻ തീരുമാനമായി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ധാരണയിലെത്തിയത്. ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള വടംവലിക്കൊടുവിലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഈ തീരുമാനമുണ്ടായത്. യുഎഇ, ഒമാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കുന്നത്. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.
പാകിസ്ഥാനെതിരെ ഉൾ‌പ്പെടെ അഞ്ച് കളികളാണ് ഇന്ത്യക്കുള്ളത്. എന്നാൽ ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ ഏഷ്യ കപ്പ് കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ ബോധിപ്പിച്ചിരുന്നു. 2008ൽ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാൻ സന്ദർശിച്ചത്.