പത്മപ്രഭാ പുരസ്കാരം സുഭാഷ് ചന്ദ്രന്
- IndiaGlitz, [Thursday,April 27 2023]
ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്, കഥാകൃത്തും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ആധുനികാനന്തര മലയാള ചെറുകഥയേയും നോവലിനേയും ഭാഷയിലേയും ബിംബാവലികളുടേയും നവീനത കൊണ്ട് പുതുക്കിപ്പണിത എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ എന്ന് പുരസ്കാര സമിതി വിലയിരുത്തി.
അക്ബർ കക്കട്ടിൽ ട്രസ്റ്റിന്റെ ഈ വർഷത്തെ സ്മാരക പുരസ്കാരം സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലയ്ക്ക് ലഭിച്ചിരുന്നു. ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് പത്മപ്രഭാ പുരസ്കാരം. സുഭാഷ് ചന്ദ്രന്റെ ആദ്യ ചെറുകഥാ സമാഹാരമായ 'ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം', ആദ്യ നോവലായ 'മനുഷ്യൻ ഒരു ആമുഖം' എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.