ജാതി സെൻസസ് നടത്തണമെന്ന് പ്രതിപക്ഷം
- IndiaGlitz, [Wednesday,July 19 2023]
രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം മുന്നോട്ടു വച്ച് പ്രതിപക്ഷം. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർക്ക് നീതി ഉറപ്പാക്കാൻ ജാതി സെൻസസ് അനിവാര്യം ആണെന്ന് ‘സാമൂഹിക് സങ്കൽപ്’ എന്ന പേരിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളും വെറുപ്പും തടയാൻ സെൻസസ് ആവശ്യമാണ്.
സ്ത്രീകൾ, ദലിത് വിഭാഗങ്ങൾ, ആദിവാസികൾ, കശ്മീർ പണ്ഡിറ്റ് എന്നിവരും അതിക്രമങ്ങൾ നേരിടുക ആണെന്നും ബെംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർട്ടികളുടെ യോഗം വിലയിരുത്തി. രാജ്യത്തിൻ്റെ പരമാധികാരത്തെ ബിജെപി ആക്രമിക്കുകയാണെന്നു യോഗം ആരോപിച്ചു. ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ഇനി മുതൽ ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് I-N-D-I-A എന്ന പേരാണ് 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ ബിജെപിയെ നേരിടാൻ സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വിശാല പ്രതിപക്ഷത്തിൻ്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്.