ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേർ കുറ്റക്കാർ; 110 പ്രതികളെ വെറുതെ വിട്ടു
- IndiaGlitz, [Monday,March 27 2023]
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വധശ്രമക്കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. ദീപക്, സിഒടി നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സെഷന്‍സ് കോടതി വിധിച്ചു. 113 പ്രതികളില്‍ 110 സിപിഐ എം പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കേസില്‍ നസീര്‍ 18 -ാം പ്രതിയും ദീപക് 88-ാം പ്രതിയും ബിജു 99-ാം പ്രതിയുമാണ്. 2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് അത്‌ലറ്റിക് മീറ്റ് സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ കാറിൻ്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. എല്‍ഡിഎഫ് ഉപരോധസമരത്തിൻ്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. വധശ്രമം ഗൂഢാലോചന ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്ത കേസിൽ 114 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ നാലുപേർ മരിച്ചു. ഉമ്മൻ ചാണ്ടിക്കൊപ്പം മന്ത്രിയായിരുന്ന കെ.സി ജോസഫ്, ഡി.സി.സി ഭാരവാഹിയായിരുന്ന ടി. സിദ്ദീഖ് എന്നിവർ സഞ്ചരിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിന് നേരെയായിരുന്നു ഇടത് പ്രവർത്തകർ കല്ലെറിഞ്ഞത്.