ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും
- IndiaGlitz, [Thursday,July 20 2023]
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്‌കാരം നടക്കുക. ജന്മനാടായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും. സംസ്‌കാര ചടങ്ങുകളുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് കെ സി ജോസഫ് അറിയിച്ചു. വൈകിട്ട് അഞ്ചരയോടെ ശുശ്രൂഷകള്‍ തുടങ്ങും. ആറുമണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഏഴ് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കും എന്നും കെ സി ജോസഫ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടപ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ അഞ്ചരയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. നിലവിൽ ഭൗതിക ശരീരം പുതുപ്പള്ളിയിൽ എത്തി. മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ രാഷ്ട്രീയ സിനിമ രംഗത്തെ പ്രമുഖരടക്കം തിരുനക്കര മൈതാനതെത്തി അനുശോചനം അറിയിച്ചു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലായിരുന്നു മൃതദേഹം വഹിച്ചുള്ള അന്ത്യ യാത്ര. ഉമ്മൻ ചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസിൽ ഒപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിൻ്റെ ഒപ്പമുണ്ട്.