ജനനായകൻ്റെ വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു

  • IndiaGlitz, [Wednesday,July 19 2023]

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് വിലാപയാത്ര. ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾ പൂ‍ർത്തിയാക്കിയ ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. മൂന്ന് ജില്ലകളിലൂടെ കടന്നു പോകുന്ന വിലാപയാത്ര പുതുപ്പള്ളിയില്‍ എത്താൻ 10 മണിക്കൂറോളം എടുക്കുമെന്നാണ് വിലയിരുത്തൽ. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. കോൺ​ഗ്രസ് നേതാക്കളും യാത്രയെ അനു​ഗമിക്കുന്നുണ്ട്.

പൂക്കൾ കൊണ്ട് അലങ്കരിച്ച ബസിൽ ജനറേറ്റർ, മൊബൈൽ മോർച്ചറി വയ്ക്കാക്കാനുള്ള സൗകര്യം, ഇരിപ്പിടം എന്നിവ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വിലാപയാത്ര കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ എത്തിക്കും. രാവിലെ മുതൽ തന്നെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാണ് ജ​ഗതിയിലെ വീട്ടിൽ മുഴങ്ങിക്കേട്ടത്. ഏറെ വൈകാരികമായ നിമിഷങ്ങൾക്കും ജ​ഗതിയിലെ വീട് സാക്ഷ്യം വഹിച്ചു. നിരവധി പേരാണ് ഇവിടെയും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ ഉച്ച തിരിഞ്ഞ് 3.30നാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.