ഉമ്മൻ ചാണ്ടി വിട വാങ്ങി; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
- IndiaGlitz, [Tuesday,July 18 2023]
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകന്‍ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ക്യാൻസർ രോഗബാധയെ തുടർന്ന് കഴിഞ്ഞ ഏതാനാം നാളുകളായി ബെംഗളൂരുവിൽ താമസിച്ച് ചികിത്സ തേടുകയായിരുന്നു അദ്ദേഹം. ഇന്നലെ രാത്രിയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപ യാത്രയായി പുതുപ്പള്ളിയിലെത്തി വലിയ പള്ളിയിൽ സംസ്കരിക്കും.
ബെംഗളൂരു ഇന്ദിരാനഗറിൽ മന്ത്രി ടി.ജോണിൻ്റെ വസതിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിനു വയ്ക്കും. പിന്നീട് മൃതദേഹം ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയും ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. അദ്ദേഹം തിരുവനന്തപുരത്ത് ഉള്ളപ്പോൾ സ്ഥിരമായി പോകാറുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിൻ്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോടെ പുതുപ്പള്ളിയിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽ വെച്ച് സംസ്കാരച്ചടങ്ങുകൾ നടക്കും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികൻ ആയിരുന്നതിൻ്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിൽ എത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, മറിയം ഉമ്മൻ.