ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും.
- IndiaGlitz, [Wednesday,February 08 2023]
ഉമ്മൻചാണ്ടിയെ തുടർചികിത്സക്ക് ബംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിൻ്റെ വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചതിനെ തുടർന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ ചികിത്സ നടത്തുന്ന ബംഗളൂരുവിലെ എച്ച്സിജി കാൻസർ കെയർ സെന്ററിലേക്ക് എയർ എയർ ആംബുലൻസിലാണു കൊണ്ടു പോവുക. ശ്വാസകോശത്തിലെ അണുബാധ കുറവുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ചികിത്സയിൽ കഴിയുന്ന നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസം മുട്ടലും കുറഞ്ഞു. ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യം ആണെങ്കിലേ ഇന്നു ബെംഗളൂരുവിലേക്കു പോവുകയുള്ളു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെ തുടർന്നു കോൺഗ്രസ് നേതൃത്വമാണ് എയർ ആംബുലൻസ് ഏർപ്പാടാക്കിയിരിക്കുന്നത്.