ധോണിക്കു സിമന്റ് കമ്പനിയില്‍ നിന്നും ഓഫര്‍ ലെറ്റര്‍

ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2020ല്‍ വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അദ്ദേഹം കളി തുടരുകയാണ്. ദേശീയ ടീമിൻ്റെ ഭാഗം അല്ലെങ്കിലും അദ്ദേഹത്തിൻ്റെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. പല വമ്പന്‍ ബ്രാന്‍ഡുകളുമായും അദ്ദേഹത്തിനു നിലവില്‍ കരാറുമുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ധോണിയുടെ ആസ്തി ഏകദേശം 1040 കോടി രൂപയാണ്. ഐപിഎല്ലിൻ്റെ ഓരോ സീസണുകളിലും കോടികളാണ് അദ്ദേഹത്തിനു ലഭിക്കുന്നത്.

2012-ല്‍ ഇന്ത്യ സിമന്റ്‌സ് ധോണിക്ക് നല്‍കിയ ഒരു നിയമന ഉത്തരവിൻ്റെ പകര്‍പ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോൾ. ധോണിയുടെ ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്സിൻ്റെ ഉടമകളാണ് ഇന്ത്യ സിമന്റ്‌സ്. കമ്പനിയുടെ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) സ്ഥാനത്തേക്ക് താരത്തിന് ജോലി വാഗ്ദാനം ചെയ്തുള്ളതാണ് ഈ ഉത്തരവ്. ചെന്നൈയിലെ കമ്പനിയുടെ ഹെഡ് ഓഫീസില്‍ ഉടൻ തന്നെ ജോലിയില്‍ പ്രവേശിക്കാനാണ് ഉത്തരവില്‍ പറയുന്നത്. ധോണിക്കു കമ്പനി ഓഫര്‍ ചെയ്തിരിക്കുന്ന ശമ്പളമാണ് ആരാധകരെ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്നത്. 2012 ജൂലൈയില്‍ അയച്ചിട്ടുളള ലെറ്റര്‍ പ്രകാരം പ്രതിമാസം 43,000 രൂപയായിരുന്നു കമ്പനി അദ്ദേഹത്തിനു വാഗ്ദാനം ചെയ്ത അടിസ്ഥാന ശമ്പളം. 43,000 രൂപയ്‌ക്കൊപ്പം ഡിഎ ആയി 21,970 രൂപയും സ്‌പെഷ്യല്‍ പേയായി 20,000 രൂപയുമാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.