ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും
- IndiaGlitz, [Tuesday,June 06 2023]
ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ ഇതുവരെ 180 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘ കാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും. നിലവിൽ ഭുവനേശ്വർ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് പ്രതിസന്ധിയാകുകയാണ്. ഭുവനേശ്വർ എംയിസിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
അതേസമയം ട്രെയിൻ ദുരന്തത്തിന് പിന്നിൽ അട്ടിമറിയാണെന്ന സംശയം ഉയർന്നതോടെ റെയിൽവേ ബോർഡ് സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. ലോക്കോ പൈലറ്റിൻ്റെ പിഴവോ, സിഗ്നലിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാറോ അല്ല അപകടകാരണമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിലെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്‌ഥാപിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽപ്പെട്ട ബംഗളൂരു- യശ്വന്ത്പൂർ- ഹൗറ ട്രെയിൻ കടന്നു പോയ ട്രാക്കാണ് 51 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുനഃസ്‌ഥാപിച്ചത്. കൽക്കരിയുമായി ഗുഡ്‌സ് ട്രെയിൻ ഇന്നലെ രാത്രി 10.40ന് ഇതുവഴി കടന്നു പോയിരുന്നു.