ടിക്കറ്റു കിട്ടാതെ 'നൻപകൽ നേരത്ത് മയക്കം'
- IndiaGlitz, [Wednesday,December 14 2022]
തിരുവനന്തപുരത്തു നടക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളത്തിനു അഭിമാനമായി മാറുകയാണ് ഒരുപിടി നല്ല ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻ പകൽ നേരത്ത് മയക്കവും സനൽ കുമാർ ശശിധരൻ്റെ വഴക്കും മഹേഷ് നാരായണൻ്റെ അറിയിപ്പും മേളയിൽ വലിയചർച്ചയായി. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം വെള്ളിത്തിരയിൽ കാണുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു ചലച്ചിത്ര പ്രേമികൾ. മേളയിൽ ആദ്യ പ്രദർശനം കഴിഞ്ഞതു മുതൽ സിനിമയെക്കുറിച്ച് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലുയരുന്നത്.
മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' തിരക്കേറിയതിനാൽ സംഘർഷാവസ്ഥയായി. രാവിലെ മുതല്‍ ചിത്രം കാണുന്നതിന് വേണ്ടി ഡെലിഗേറ്റുകളുടെ നീണ്ട നിരയായിരുന്നു. റിസര്‍വേഷന്‍ ചെയ്തവരും ചെയ്യാത്തവരും തിയേറ്ററിന് മുന്നില്‍ ക്യു നില്‍ക്കുകയും ഒടുവില്‍ ടിക്കറ്റ് കിട്ടാതെ വന്നതോടെ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരിന്നു. റിസര്‍വേഷന്‍ ചെയ്ത ആളുകള്‍ക്ക് പോലും സിനിമ കാണാന്‍ സാധിക്കാതെ വന്നതോടെ പ്രദര്‍ശന വേദിയായ ടാഗോര്‍ തിയേറ്ററില്‍ സംഘര്‍ഷമുണ്ടായി. ചിത്രം കാണാൻ തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്തവർക്ക് വേണ്ടി ഒരു ഷോ കൂടി അനുവദിക്കണമെന്നാണ് ഡെലിഗേറ്റുകൾ ആവശ്യപ്പെട്ടു.