സെമിനാറിലേക്ക് എൽ.ഡി.എഫ് കൺവീനറെ ക്ഷണിക്കേണ്ടതില്ല: എം.വി ഗോവിന്ദൻ
- IndiaGlitz, [Saturday,July 15 2023]
ഏകവ്യക്തി നിയമത്തില്‍ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സിപിഎം ജനറല്‍ സെക്രട്ടറി നേരിട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ആരെയെങ്കിലും പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകമാണ്. ക്ഷണിച്ചിട്ടല്ല താന്‍ സെമിനാറില്‍ പങ്കെടുക്കുന്നതെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇ പി ജയരാജൻ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് എം വി ഗോവിന്ദൻ പ്രതികരിച്ചു.
ഇത് തുടക്കമാണെന്നും കണ്ണൂരിലടക്കം കേരളമൊട്ടാകെ നിരവധി പരിപാടികള്‍ ഇനി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജയരാജൻ ഉള്‍പ്പടെയുള്ളവര്‍ തുടര്‍ന്ന് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ഈ സെമിനാര്‍ സി.പി.എം ഒറ്റക്കെട്ടായാണ് നടത്തുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്ര കമ്മറ്റിയംഗങ്ങളും പൊളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അതേസമയം എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജൻ പാർട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്. എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് ഇപി വിട്ടു നിന്നത് ചർച്ചയായിരുന്നു.