നിപ സംശയം: ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്
- IndiaGlitz, [Tuesday,September 12 2023]
കോഴിക്കോട് പനി ബാധിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം. സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണവും സംഭവിച്ചത്. ആരോഗ്യ വകുപ്പ് പരിശോധനകൾ ഊർജിതമാക്കി. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.
കോഴിക്കോട് മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെ ഐസൊലേഷനാക്കി. പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില ഗുരുതരം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് പുറമെ മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും.