നിപ: പുതിയ കേസുകളില്ല; 61 സാംപിളുകൾ കൂടി നെഗറ്റീവ്
- IndiaGlitz, [Monday,September 18 2023]
നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിൽ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവരും ഉൾപ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽപേർ ആശുപത്രിയിൽ എത്തിയിരുന്നു. 13 പേർ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്.
കേന്ദ്ര സർക്കാരിൻ്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വിശദമായ പഠനവും സാമ്പിൾ കളക്ഷനും നടത്തും. കേന്ദ്രത്തിൽ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനങ്ങൾ ഒരുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും പൂനെ എന്‍ ഐ വിയുടെയും മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.