കേരളത്തിൽ വീണ്ടും നിപ; കോഴിക്കോട് സ്ഥിരീകരിച്ചു
- IndiaGlitz, [Wednesday,September 13 2023]
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേർക്കും രോഗ ബാധ സ്ഥിരീകരിച്ചു. പുണെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പുറത്തുവന്നതോടെ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ പ്രവര്‍ത്തകരാണ് നിപ പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കിയത്. രാത്രി 12.30 ഓടെ സംസ്‌ക്കാരം നടന്നു.
നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. രോഗ ബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘത്തെ ഇന്ന് സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.