നിദയുടെ മരണം: പാർലമെന്റിൽ ഉന്നയിച്ച് എ എം ആരിഫ് എം പി
- IndiaGlitz, [Friday,December 23 2022]
ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലെത്തിയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി നിദ ഫാത്തിമ(10) മരിച്ച സംഭവത്തില്‍ പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി എ എം ആരിഫ് എംപി. കേരളത്തിൻ്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്നും മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എ എം ആരിഫ് എംപി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ടേയ്ക്ക് കത്തയച്ചു. അതേസമയം ഫെഡറേഷനെതിരെ കേരള അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചു.
മരിച്ച നിദ ഫാത്തിമ അടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷൻ്റെ 24 താരങ്ങളാണ് നാഗ്പൂരിലെത്തിയത്. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ രണ്ട് സൈക്കിൾ പോളോ അസോസിയേഷനുകളിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് നിദ നാഗ്പുരിലെത്തിയത്. കോടതി അനുമതിയോടെ എത്തിയിട്ടും ദേശീയ ഫെഡറേഷൻ്റെ അംഗീകാരമില്ലാത്തതിനാല്‍ താരങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന് ഒരുക്കിയിരുന്നില്ല എന്ന ആരോപണം നിലനിൽക്കുന്നു.
നിദാ ഫാത്തിമയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. നിദ ഫാത്തിമയുടെ അച്ഛന് ഷിഹാബ് നാഗ്പൂരിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.