2022-23 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് നെയ്മർ പുറത്ത്. കണങ്കാലിന് ഏറ്റ പരിക്കിനെ തുടർന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഒരുങ്ങുകയാണ്. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം വരെ പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം താരത്തിൻ്റെ ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മൻ ആണ് നെയ്മറിന് സീസൺ നഷ്ടമാകുമെന്ന വിവരം പുറത്ത് വിട്ടത്. ഈ സീസണിലെ ലീഗ് വണ്ണിൽ 13 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കഴിഞ്ഞ നെയ്മർ കഴിഞ്ഞ മാസം ലില്ലെക്കെതിരെ നടന്ന മത്സരത്തിന് ശേഷം കളിക്കളത്തിൽ നിന്ന് പുറത്തായിരുന്നു. ദോഹയിൽ വെച്ചാകും ശസ്ത്രക്രിയ നടക്കുക. കരിയറിലുടനീളം പരിക്കുകളോട് മല്ലിട്ട ഈ ബ്രസീലിയൻ താരത്തിന് പരിക്കിനെ തുടർന്ന് സംഭവിച്ച നഷ്ടങ്ങൾ ഏറെ വലുതാണ്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിലും പരിക്ക് താരത്തിന് തിരിച്ചടിയായിരുന്നു.