സമാധാന നൊബേല്‍ പുരസ്കാരം നര്‍ഗസ് സഫിയ മുഹമ്മദിയ്ക്ക്
- IndiaGlitz, [Friday,October 06 2023]
ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്കാണ് 2023 സമാധാനത്തിനുള്ള നൊബേൽ സമ്മാന പുരസ്കാരം. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിന് എതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. നൊബേൽ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നർഗസ്. 13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്. വധ ശിക്ഷയ്ക്ക് എതിരെ നർഗസ് നിരന്തരം പോരാടി.
ഇറാന്‍ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നർഗസ് സഫിയ മുഹമ്മദി ജയിലില്‍ വെച്ചാണ് പുരസ്കാര വാര്‍ത്ത അറിഞ്ഞത്. 2016 ൽ ഇറാൻ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ 16 വർഷത്തേക്ക് തടവിലായി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തി ജീവിതത്തില്‍ നിരവധി നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നയാളാണ് നര്‍ഗസ് എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. നര്‍ഗസിനെ ജയില്‍ മോചിതയാക്കണം എന്നും പുരസ്‌കാരം നേരിട്ട് വന്ന് സ്വീകരിക്കാന്‍ അനുവദിക്കണം എന്നും സമിതി ഇറാന്‍ ഭരണകൂടത്തെ അറിയിച്ചു.