റോസാപ്പൂവിൽ സണ്ണിക്ക് പകരം നീരജ്

  • IndiaGlitz, [Friday,August 18 2017]

വിനു ജോസഫ് സംവിധാനം ചെയ്യുന്ന 'റോസാപ്പൂ' എന്ന ചിത്രത്തിലൂടെ ബിജു മേനോനും നീരജ് മാധവും വീണ്ടും ഒന്നിക്കുന്നു. നേരത്തെ ബിജു മേനോന് ഒപ്പം സണ്ണി വെയ്‌നിനെയാണ് തീരുമാനിച്ചിരുന്നതെങ്കിലും ഡെയ്റ്റുമായി ബന്ധപ്പെട്ട് പിന്മാറിയതോടെയാണ് നീരജ് എത്തുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധുര നാരങ്ങ, കുഞ്ഞിരാമായണം എന്നി ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. നീരജ് ആദ്യമായി തിരക്കഥ എഴുതുന്ന ലവകുശ എന്ന ചിത്രത്തിലും ബിജു മേനോൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് സുന്ദരി അ‌ഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ എ.ബി.സി.ഡിയ്‌ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. രാജീവ് രവിയുടെ അസോസിയേറ്റായിരുന്ന വിനു പരസ്യരംഗത്തായിരുന്നു കൂടുതൽ സജീവം. കഴിഞ്ഞ ഒന്നരവർഷം കൂടെ കൊണ്ടുനടന്ന സ്വപ്‌നമാണ് ഇപ്പോൾ സിനിമയായി മാറുന്നത്. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം.

സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ 143 കഥാപാത്രങ്ങളുണ്ട്.