നരേന്ദ്ര മോദി വെറുമൊരു പ്രധാനമന്ത്രിയാണ്, ദൈവമല്ല: പവന് ഖേര
- IndiaGlitz, [Monday,March 13 2023]
നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ ദൈവമോ സ്രഷ്ടാവോ അല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന് ഖേര. ഇന്നലെ കര്‍ണാടകയിലെ പൊതു പരിപാടിയിൽ വെച്ച് രാഹുൽ ഗാന്ധിക്കെതിരെ മോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു മറുപടിയായിട്ടായിരുന്നു പവന് ഖേരയുടെ പരാമർശം. ജനാധിപത്യം ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുക ആണെന്ന രാഹുലിൻ്റെ പരാമര്‍ശം ഇന്ത്യന്‍ പാരമ്പര്യത്തിനും ഇന്ത്യക്കാര്‍ക്കും അപമാനകരമാണെന്നായിരുന്നു മോദി പറഞ്ഞത്. കഴിഞ്ഞ 70 വർഷത്തിനിടെ ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞതിലൂടെ മൂന്ന് തലമുറകളെ അപമാനിക്കുകയാണ് നിങ്ങൾ ചെയ്തത്. മുൻഗാമികളെ വിമർശിച്ച് കൊണ്ടാണ് നിങ്ങൾ ഒൻപത് വർഷം ചെലവഴിച്ചത്.
വിദേശ മാധ്യമ സ്ഥാപനത്തിൽ പരിശോധനക്ക് ഉത്തരവിടുമ്പോൾ നിങ്ങൾക്ക് രാജ്യത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ഉത്കണ്ഠയില്ലായിരുന്നു. യഥാർഥ്യത്തിൽ നിങ്ങളാണ് ജനാധിപത്യത്തെ ആക്രമിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ സംവാദങ്ങൾ ഉയരുന്നതും. കേംബ്രിജിലെ വിദ്യാർഥികൾക്കു മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ വെല്ലുവിളികളെ കുറിച്ച് ചർച്ച നടക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പവൻ ഖേര പറഞ്ഞു. മാത്രമല്ല നിങ്ങൾ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ, ദൈവമോ, സ്രഷ്ടാവോ അല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.