നരേന്ദ്ര മോദി ഏപ്രിൽ 24 ന് കേരളത്തിൽ

  • IndiaGlitz, [Thursday,April 13 2023]

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ ഏപ്രിൽ 25 ന് എത്താനിരുന്നത് ഏപ്രിൽ 24 ലേക്ക് മാറ്റി. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിൽ അനിൽ ആന്റണിയും പങ്കെടുക്കും. ബിജെപിയിൽ ചേർന്ന ശേഷം അനിൽ ആന്റണിയുടെ ആദ്യ പൊതുപരിപാടിയായിരിക്കും ഇത്. സിനിമാ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിൻ്റെ റാലികളില്‍ പുനക്രമീകരണം നടത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ കേരളത്തിലെ പരിപാടിയില്‍ മാറ്റം വന്നത്. പരിപാടിക്കെത്തുന്ന നരേന്ദ്ര മോദി ഐലന്‍ഡ് നാവികസേന വിമാനത്താവളത്തില്‍ നിന്ന് തേവര എസ്എച്ച് കോളജിലെ വേദി വരെയുള്ള റോഡ് ഷോയിലും പങ്കെടുക്കും. ഒരുലക്ഷം യുവാക്കള്‍ യുവം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും മോദി നടത്തും. വന്ദേ ഭാരതിൻ്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായിട്ടുണ്ട്.