സുരേഷ് ഗോപിയെ പിന്തുണച്ചത് എൻ്റെ പിഴ, എൻ്റെ വലിയ പിഴ: എൻ.എസ്. മാധവൻ
- IndiaGlitz, [Monday,February 20 2023]
നേരത്തെ സുരേഷ് ഗോപിയെ പ്രശംസിച്ചത് തെറ്റായി പോയെന്ന ഏറ്റുപറച്ചിലുമായി സാഹിത്യകാരൻ എന്‍ എസ് മാധവന്‍. എൻ്റെ പിഴ, എൻ്റെ വലിയ പിഴ എന്ന തലക്കെട്ടോടെയാണ് ട്വീറ്റിലെ കുറിപ്പ് അദ്ദേഹം പങ്കു വച്ചത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയില്ല. അതും, സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരേ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല എന്നാതായിരുന്നു 2021 ൽ സുരേഷ് ഗോപിയെ കുറിച്ച് പങ്കു വച്ച എന്‍.എസ്. മാധവൻ്റെ പഴയ ട്വീറ്റിലെ വാചകങ്ങള്‍.
എന്നാൽ ഇപ്പോൾ തൻ്റെ അഭിപ്രായം മാറ്റുകയാണെന്ന് അദ്ദേഹം പറയുന്നു. ശിവരാത്രി ആഘോഷ ചടങ്ങിനിടെ സുരേഷ് ഗോപി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് എന്‍എസ് മാധവന്‍ പ്രതികരിച്ചത്. അവിശ്വാസികളുടെ സര്‍വ്വനാശത്തിനായി ശ്രീ കോവിലിൻ്റെ മുമ്പില്‍ പ്രാര്‍ത്ഥിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്‌നേഹിക്കുന്നു. എല്ലാ മതത്തിലെയും വിശ്വാസികളെ സ്‌നേഹിക്കും. അവിശ്വാസികളോട് സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളോട് നേര്‍ക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാവില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.