എകെജി സെന്ററിലെത്തിയ ഭീമന്‍ രഘുവിനെ എം വി ഗോവിന്ദന്‍ സ്വീകരിച്ചു

  • IndiaGlitz, [Saturday,July 08 2023]

ബിജെപി പ്രവർത്തകനായിരുന്ന ഭീമന്‍ രഘു ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമൻ രഘു എകെജി സെന്ററിൽ എത്തിയത്. ചുവന്ന പൊന്നാട തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററാണ് അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. അതൊക്കെ മനപ്രയാസം ഉണ്ടാക്കിയില്ല. എന്നാൽ തൻ്റെ പ്രചാരണത്തിന് എത്താൻ സുരേഷ് ഗോപി ചേട്ടനെ വിളിച്ചെങ്കിലും പിഎ യാണ് ഫോൺ എടുത്തത്. അവസാനത്തെ തവണ അദ്ദേഹം എടുത്തു. പത്തനാപുരത്ത് വരാൻ പറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മാനസികമായി ഏറെ വേദന ഉണ്ടാക്കിയതാണ് അദ്ദേഹത്തിൻ്റെ പ്രതികരണം എന്ന് രഘു പറഞ്ഞു. ബിജെപിയിൽ ദില്ലിയിലെ 2 പേരാണ് തന്നെ ക്ഷണിച്ചത്. താൻ രാഷ്ട്രീയം പഠിക്കാനാണ് അന്ന് ബിജെപിയിൽ ചേർന്നത്. നരേന്ദ്ര മോദി ബിജെപിയുടെ നേതാവാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. രണ്ട് പേരാണ് കേരളത്തിൽ ബിജെപിയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ ശരിയായ പ്രവർത്തനമല്ല നടത്തിയത് എന്നും ഭീമൻ രഘു വെളിപ്പെടുത്തി.