ഡോ.വന്ദന ദാസിൻ്റെ കൊലപാതകം; വേദന ജനകമെന്ന് മുഖ്യമന്ത്രി
- IndiaGlitz, [Wednesday,May 10 2023]
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാ ജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിൻ്റെ കുടുംബത്തിൻ്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങളിൽ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി വീണ ജോർജ്.
അതേസമയം ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി. ലഹരിക്ക് അടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തു കയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകൻ്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു.