ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മുംബൈ 18 ഓവറില്‍ ലക്ഷ്യത്തിലെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനായി ഓപ്പണര്‍മാരായ വിവ്‌റാന്ത് ശര്‍മയും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 140 റണ്‍സിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. വിവ്‌റാന്ത് 47 പന്തില്‍ 9 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 69 റണ്‍സ് നേടിയപ്പോള്‍ മായങ്ക് 46 പന്തില്‍ 4 സിക്‌സറും 8 ബൗണ്ടറികളും ഉള്‍പ്പെടെ 83 റണ്‍സെടുത്തു.

കാമറൂൺ ഗ്രീനിൻ്റെ തകർപ്പൻ സെഞ്ചുറിയാണ് മുംബൈയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഗ്രീനിന് പുറമേ രോഹിത് ശർമയുടെ അർധ സെഞ്ചുറിയും മുംബൈയ്ക്ക് തുണയായി. 17-ാം ഓവറിലെ അവസാന പന്തിൽ ഒരു റണ്ണെടുത്ത് ഗ്രീൻ തൻ്റെ സെഞ്ച്വറിയും ടീമിൻ്റെ വിജയറണ്ണും കുറിച്ചു. ഗ്രീനിൻ്റെ ആദ്യ ട്വന്റി 20 സെഞ്ച്വറിയുമാണിത്. 47 പന്തിൽ നിന്ന് എട്ട് വീതം ഫോറിൻ്റെയും സിക്സിന്റെയും സഹായത്തോടെ 100 റൺസെടുത്ത് ഗ്രീൻ പുറത്താവാതെ നിന്നു. സൂര്യകുമാർ 16 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. സൺറൈസേഴ്സിനായി ഭുവനേശ്വർ കുമാറും മായങ്ക് ദാഗറും ഓരോ വിക്കറ്റ് വീതം നേടി.