മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയും അല്‍ ഹിലാലിലേക്ക്

നെയ്മറിന് പിന്നാലെ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയും സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കെത്തി. സ്‌പെയിനിലെ സെവില്ലയില്‍ നിന്നുമാണ് യാസീന്‍ ബോണോ അല്‍ ഹിലാലിലെത്തിയത്. 3 വര്‍ഷത്തെ കരാറിലാണ് താരം സൗദിയിലെത്തുന്നത്. ഫ്രാന്‍സില്‍ വെച്ചാണ് ബോണോയുമായി അല്‍ ഹിലാല്‍ ഡയറക്ടര്‍ ബോഡ് ചെയര്‍മാന്‍ ഫഹദ് ബിന്‍ നാഫല്‍ കരാര്‍ ഒപ്പുവെച്ചത്.

സൗദി കോടീശ്വരനായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ ആണ് ഈ ഇടപാടിനുള്ള സാമ്പത്തിക പിന്തുണ നല്‍കിയതെന്ന് ക്ലബ്ബ് അറിയിച്ചു. ഖത്തര്‍ ലോക കപ്പില്‍ മികച്ച രീതിയില്‍ പ്രകടനം നടത്താൻ മൊറോക്കന്‍ ദേശീയ ടീമിന് സാധിച്ചത് ബോണോയുടെ കൂടി പ്രകടനം കൊണ്ട് ആയിരുന്നു. നെയ്മറിനും ബോണോയ്ക്കും പുറമെ ബ്രസീൽ താരങ്ങളായ മാൽകോം, മിക്കായേൽ, പോർച്ചുഗൽ താരം റൂബിൻ നവേസ്, ഖത്തർ ലോക കപ്പിൽ അർജന്റീനയ്‌ക്കെതിരെ സൗദിയുടെ വിജയ ഗോൾ നേടിയ സാലിം അൽ ദോസരി തുടങ്ങിയവരെയും അൽഹിലാൽ സ്വന്തം ആക്കിയിട്ടുണ്ട്.