പോക്സോ കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരൻ
- IndiaGlitz, [Saturday,June 17 2023]
പോക്സോ കേസില്‍ മോന്സണ് മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വെച്ച് വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചും പീഡനമുണ്ടായി. പുരാവസ്തു തട്ടിപ്പു കേസിൽ 2021ൽ മോൻസൺ അറസ്റ്റിലായ ശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. മോൻസണെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), പോക്സോ വകുപ്പ് 7, 8 എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്നും കോടതി വ്യക്തമാക്കി.